കാറ്റിനെ പിടിക്കാനാകുമോ?

 ജനശക്തിക്ക് മുന്നിൽ തലകുനിച്ച അഹങ്കാരം: 

ഫിലിപ്പീൻസിന്റെ ചരിത്രപാഠം

Read in English


ജനശക്തിയുടെ കുത്തൊഴുക്ക്: ഇഡിഎസ്എ തെരുവിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ജനങ്ങൾ.

Source: Central Philippine University

സ്വന്തം ജനങ്ങളുടെ വിശ്വാസവും പടയാളികളുടെ സംരക്ഷണവും നഷ്ടപ്പെടുമ്പോൾ ഒരു ഭരണാധികാരിക്ക് എന്ത് സംഭവിക്കും?

1986 ഫെബ്രുവരിയിൽ ഫിലിപ്പീൻസ് സാക്ഷ്യം വഹിച്ചത് അത്ഭുതകരമായ ചില സംഭവവികാസങ്ങൾക്കാണ്. ലക്ഷക്കണക്കിന് സാധാരണക്കാർ തെരുവിലിറങ്ങി. പ്രമുഖ സൈനിക തലവന്മാർ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസിനുള്ള പിന്തുണ പിൻവലിച്ചു. രണ്ടു പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച ഒരു മനുഷ്യൻ, ദിവസങ്ങൾക്കകം തന്റെ കൊട്ടാരത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രക്ഷപ്പെട്ട് ഹവായിയിലേക്ക് നാടുവിടേണ്ടി വന്നു.

വിദേശ സൈന്യമൊന്നും ആ തലസ്ഥാനം കീഴടക്കിയിരുന്നില്ല. അത് എങ്ങനെ സംഭവിച്ചു എന്ന് വായിക്കുന്നതും ധ്യാനിക്കുന്നതും ഏറെ അർത്ഥവത്താണ്.

ലോകരാഷ്ട്രങ്ങൾക്ക് വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ ഓർമ്മിക്കേണ്ട ഒരു സത്യസന്ധമായ ചരിത്രകഥയാണിത്. 

തുടർന്ന് വായിക്കൂ...

ഭയം പിടിവിട്ടപ്പോൾ

വർഷം 1986, സ്ഥലം ഫിലിപ്പീൻസ്.

രണ്ട് പതിറ്റാണ്ടിലേറെയായി ഫെർഡിനാൻഡ് മാർക്കോസ് ആയിരുന്നു ഫിലിപ്പീൻസ് രാഷ്ട്രീയത്തിലെ അധിപൻ. 1965-ൽ അധികാരത്തിലെത്തുകയും 1969-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അദ്ദേഹം, ക്രമസമാധാന പാലനം ചൂണ്ടിക്കാട്ടി 1972 സെപ്റ്റംബറിൽ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചു.

എന്നാൽ സംഭവിച്ചതോ? പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെട്ടു. മാധ്യമങ്ങൾ പൂട്ടിപൂട്ടി ഇടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തു. വിമർശകർ തടവിലായി; കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നാടൊട്ടുക്കും അരങ്ങേറി.

 

കൊട്ടാരത്തിൽ നിന്ന് സ്ഥിരതയുടെ കഥകൾ കേട്ടപ്പോൾ, പുറത്ത് ജനങ്ങൾ അനുഭവിച്ചത് തികച്ചും വ്യത്യസ്തമായ ഒരു ജീവിതമായിരുന്നു.

 

സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് ജനങ്ങൾ പഠിച്ചു. എന്താണ് അച്ചടിക്കേണ്ടതെന്ന് പത്രപ്രവർത്തകർ തിരിച്ചറിഞ്ഞു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതിന്റെ പ്രത്യാഘാതം പ്രതിപക്ഷം അനുഭവിച്ചറിഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ, അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്ന കവചങ്ങളായി മാറി.

പക്ഷേ, ഭയത്തിനും ഒരു പരിധിയുണ്ട്. ജനങ്ങളുടെ ക്ഷമയ്ക്കുമുണ്ട് ഒരു അതിര്!

1983 ഓഗസ്റ്റിൽ, പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രമുഖ പ്രതിപക്ഷ നേതാവ് ബെനിഗ്നോ "നിനോയ്" അക്വിനോ ജൂനിയർ മാ നില വിമാനത്താവളത്തിൽ വെച്ച് വധിക്കപ്പെട്ടു. ആ മരണം രാജ്യത്തെ ഞെട്ടിച്ചു. ജനരോഷം ആളിപ്പടർന്നു, പ്രതിപക്ഷ മുന്നേറ്റത്തിന് പുതിയ ജീവൻവെച്ചു.

അദ്ദേഹത്തിന്റെ വിലാപയാത്രയിൽ അണപൊട്ടിയ ജനസഞ്ചയമെത്തി. മൗനം പാലിക്കുന്നത് തങ്ങളെ സംരക്ഷിക്കില്ലെന്ന് അതുവരെ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്നവരും തിരിച്ചറിഞ്ഞു. തെരുവുകൾ, സങ്കടം ധീരതയായി മാറിയ വേദികളായി.

മാർക്കോസ് ഭരണത്തിൽ തുടർന്നെങ്കിലും, അവന്റെ അധികാരത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരുന്നു.

എല്ലാം മാറ്റിമറിച്ച തിരഞ്ഞെടുപ്പ്

തന്റെ ജനകീയ അടിത്തറ ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ 1986 ഫെബ്രുവരിയിൽ മാർക്കോസ് ഒരു ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നിനോയ് അക്വിനോയുടെ വിധവയായ കൊറാസോൺ "കോറി" അക്വിനോ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന എതിരാളി.

 തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും തട്ടിപ്പുകളും നടന്നു. ഔദ്യോഗിക ഫലം മാർക്കോസിനെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ, സ്വതന്ത്ര ജനകീയ സമിതി വേറൊരു ഫലമാണ് പുറത്തുവിട്ടത്. ജനങ്ങൾ ഔദ്യോഗിക ഫലം തള്ളിപ്പറഞ്ഞു, രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.

 തുടർന്നാണ് ഭരണകൂടത്തിന്റെ വിശ്വസ്തത പരീക്ഷിക്കപ്പെട്ട ആ നിർണ്ണായക നിമിഷം വന്നത്.

 ഫെബ്രുവരി 22-ന്, പ്രതിരോധ മന്ത്രി ഹുവാൻ പോൺസെ എൻറിലെയും മുതിർന്ന സൈനിക തലവൻ ലെഫ്റ്റനന്റ് ജനറൽ ഫിഡൽ വി. റാമോസും മാർക്കോസിനുള്ള പിന്തുണ പിൻവലിച്ചു. രാഷ്ട്രപതിക്കെതിരെ തിരിഞ്ഞതിന്റെ പ്രത്യാഘാതം ഭയന്ന് അവർ മാ നിലയിലെ സൈനിക ക്യാമ്പുകളിൽ അഭയം തേടി.

അവരുടെ നിലനിൽപ്പ് അപകടത്തിലായിരുന്നു. കയ്യിൽ ആയുധങ്ങളുണ്ടായിരുന്നെങ്കിലും, സൈന്യത്തിൽ എത്രപേർ ഒപ്പം നിൽക്കുമെന്ന് ഉറപ്പില്ലായിരുന്നു. ഭരണകൂടം ഒരു ആക്രമണത്തിന് ഉത്തരവിട്ടാൽ അത് വൻ രക്തച്ചൊരിച്ചിലിലേക്ക് വഴിമാറുമായിരുന്നു.

ഈ സമയം, മാ നിലയിലെ സ്വാധീനമുള്ള കത്തോലിക്കാ ആർച്ച്ബിഷപ്പ് കർദിനാൾ ഹൈമേ സിൻ, റേഡിയോ വെരിറ്റാസിലൂടെ (Radio Veritas) ജനങ്ങളോട് തെരുവിലിറങ്ങാനും സൈനിക നേതാക്കൾക്ക് പിന്തുണ നൽകാനും അഭ്യർത്ഥിച്ചു.

ജനങ്ങളത് കേട്ടു... അവർ കൂട്ടത്തോടെ ഒഴുകിയെത്തി.

തെരുവുകൾ കവചമായപ്പോൾ

ഇഡിഎസ്എ (EDSA) എന്നറിയപ്പെടുന്ന പാതയിൽ ആയിരങ്ങൾ തടിച്ചുകൂടി. നിമിഷങ്ങൾക്കകം അത് ലക്ഷങ്ങളായി മാറി. വൈദികരും കന്യാസ്ത്രീകളും വിദ്യാർത്ഥികളും തൊഴിലാളികളും കുടുംബങ്ങളും സാധാരണക്കാരുമെല്ലാം തെരുവിൽ തോളോടുതോൾ ചേർന്നുനിന്നു.

അവർ ഭക്ഷണവും വെള്ളവുമായെത്തി. പ്രാർത്ഥിച്ചു, പാട്ടുകൾ പാടി, കൈകോർത്തു നിന്നു. ആയുധമേന്തിയ സൈന്യത്തിനും ക്യാമ്പിൽ കഴിയുന്നവർക്കും ഇടയിൽ അവർ ഒരു മനുഷ്യക്കോട്ട തീർത്തു.

ഉത്തരവുകൾ അനുസരിക്കാൻ പരിശീലനം ലഭിച്ചവരായിരുന്നു സൈനികർ. എന്നാൽ അവരുടെ മുന്നിൽ നിൽക്കുന്നത് അജ്ഞാതരായ ശത്രുക്കളായിരുന്നില്ല—അവരുടെ അയൽക്കാരും ബന്ധുക്കളും പ്രിയപ്പെട്ട നാട്ടുകാരുമായിരുന്നു!

ചില സൈനികർ ജനങ്ങളുമായി സൗഹൃദത്തിലായി. സാധാരണക്കാർ അവർക്ക് പൂക്കളും ഭക്ഷണവും നൽകി. ആയുധമേന്തിയ പടയാളികൾക്ക് മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുന്ന കന്യാസ്ത്രീകളുടെയും, സൈനികരോട് അഭ്യർത്ഥിക്കുന്ന സാധാരണക്കാരുടെയും ചിത്രങ്ങൾ ആ ജനകീയ മുന്നേറ്റത്തിന്റെ ചരിത്ര അടയാളങ്ങളായി.

എല്ലാ സൈനികരും കലാപക്കൊടി ഉയർത്തിയില്ല; ചിലർ മാർക്കോസിനോട് വിശ്വസ്തത പുലർത്തി. ചിലർ ഒപ്പം ചേർന്നപ്പോൾ മറ്റു ചിലർ നിർദ്ദേശങ്ങൾ പാലിക്കാൻ മടിച്ചു.

സാഹചര്യം അപകടകരമായി തുടരുകയും അക്രമത്തിന്റെ സാധ്യതകൾ നിഴലിക്കുകയും ചെയ്തു. എങ്കിലും, സൈന്യത്തിന്റെ അന്ധമായ അനുസരണയിൽ ഭരണകൂടത്തിന് ഇനി വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

ഒരു രാഷ്ട്രീയ പ്രതിസന്ധിയായി തുടങ്ങിയ പ്രസ്ഥാനം, ജനശക്തിയുടെ ചരിത്രപരമായ വിളംബരമായി മാറി!

ഭരണകൂട സംവിധാനങ്ങൾ ഒരു വ്യക്തിയെ സേവിക്കാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ് ഉള്ളതെന്ന് ജനക്കൂട്ടം ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

ചുരുങ്ങിപ്പോയ കൊട്ടാരം

ഫെബ്രുവരി 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പ്രക്ഷോഭം ആളിക്കത്തിയതോടെ മാർക്കോസിന്റെ പിടി അയഞ്ഞു. അന്താരാഷ്ട്ര സമ്മർദ്ദം ഏറി; അമേരിക്കയും സമാധാനപരമായ ഒരു പരിഹാരത്തിനായി ഇടപെട്ടു.

ഫെബ്രുവരി 25-ന് കോറി അക്വിനോ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അതേ ദിവസം മാർക്കോസും താനാണ് പ്രസിഡന്റെന്ന് അവകാശപ്പെട്ട് ചടങ്ങ് നടത്തിയെങ്കിലും, അദ്ദേഹത്തിന്റെ അധികാരം പൂർണ്ണമായും തകർന്നിരുന്നു.

രാജ്യത്തിന്റെ സർവ്വ സംവിധാനങ്ങളെയും നിയന്ത്രിച്ചിരുന്ന ആ മനുഷ്യൻ, വർഷങ്ങളോളം വാണ കൊട്ടാരം ഉപേക്ഷിക്കാൻ നിർബന്ധിതനായി.

പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിലോ സൈനിക അകമ്പടിയോടെയോ ആയിരുന്നില്ല അദ്ദേഹത്തിന്റെ മടക്കം. അമേരിക്കൻ സൈനിക വിമാനത്തെ ആശ്രയിച്ചായിരുന്നു ആ അവസാന യാത്ര.

February 25, 2022 marks the 36th anniversary of the first EDSA People Power Revolution. Courtesy: CODE-NGO 

മാർക്കോസ് ഓടിരക്ഷപ്പെട്ട രാത്രി

1986 ഫെബ്രുവരി 25 രാത്രി, മാർക്കോസിനെയും കുടുംബത്തെയും മാറ്റാനുള്ള ഏർപ്പാടുകൾ നടന്നു. അമേരിക്ക നേരിട്ടാണ് ഇതിന് നേതൃത്വം നൽകിയത്.

രാത്രി എട്ടരയോടെ അമേരിക്കൻ ഹെലികോപ്റ്ററുകൾ കൊട്ടാരവളപ്പിലെത്തി. മാർക്കോസ്, ഭാര്യ ഇമെൽഡ, മക്കൾ, പേരക്കുട്ടികൾ, അനുചരന്മാർ എന്നിവരുമായി ആ വിമാനങ്ങൾ വടക്കോട്ട് പറന്നു. മാ നിലയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ക്ലാർക്ക് എയർബേസിലായിരുന്നു അവർ രാത്രി തങ്ങിയത്.

അതൊരു സാധാരണ സ്ഥാനകൈമാറ്റമായിരുന്നില്ല; അധികാരം പൂർണ്ണമായി നഷ്ടപ്പെട്ട ഒരു ഭരണാധികാരിയുടെ ധൃതിപിടിച്ച ഓടിപ്പോക്കായിരുന്നു.

പിറ്റേന്ന്, ഫെബ്രുവരി 26-ന്, അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിൽ അവർ ഗുവാമിലെ അന്താരാഷ്ട്ര ബേസിലേക്കും, അവിടെനിന്ന് ശാന്തസമുദ്രത്തിന് കുറുകെ ഹവായിലേക്കും പോയി.

മാർക്കോസ് ഹവായിയിൽ എത്തിച്ചേർന്നു; അദ്ദേഹത്തിന്റെ പ്രവാസജീവിതം അവിടെ ആരംഭിച്ചു. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് ഫിലിപ്പീൻസിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല.

ഈ വൈരുധ്യം ഒന്ന് ചിന്തിച്ചു നോക്കൂ!

വർഷങ്ങളോളം രാജ്യത്തെ രാഷ്ട്രീയ-സൈനിക സംവിധാനങ്ങളിലൂടെ ഭരണം നടത്തിയ ഒരു മനുഷ്യൻ, ഒടുവിൽ സ്വന്തം നാടുവിടാൻ ഒരു വിദേശ സൈന്യത്തെ ആശ്രയിക്കേണ്ടി വന്നു.

അതേസമയം, ജനങ്ങൾ മാ നിലയിലെ തെരുവിൽ തന്നെയുണ്ടായിരുന്നു. അവർ ഒരു സൈനിക ആക്രമണത്തിലൂടെയല്ല കൊട്ടാരം പിടിച്ചെടുത്തത്. അവരുടെ ഉറച്ച സാന്നിധ്യവും സൈന്യത്തിന്റെ പിന്തുണ പിൻവലിക്കലുമാണ് മാർക്കോസിന്റെ ഭരണത്തിന് തിരശ്ശീലയിട്ടത്.

കൊട്ടാരം അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, അവിടെ തുടരാനുള്ള അധികാരം അതിന്റെ അവകാശിക്ക് നഷ്ടപ്പെട്ടിരുന്നു!

പ്രസിഡന്റ് ഓടിപ്പോയി. ജനങ്ങൾ തങ്ങളുടെ ശബ്ദം വീണ്ടെടുത്തു!



ആയുധങ്ങൾക്കുമുന്നിൽ സമാധാനത്തിന്റെ മുഖം: പടയാളികൾക്ക് മുന്നിൽ നിലയുറപ്പിച്ച കന്യാസ്ത്രീകൾ. Source: CCP Encyclopedia of Philippine Art -
Cultural Center of the ... / Two Nuns of Edsa

ചരിത്രം നൽകുന്ന ചിന്തകൾ

ഒറ്റരാത്രികൊണ്ട് ഫിലിപ്പീൻസ് ഒരു പൂർണ്ണ ജനാധിപത്യ രാജ്യമായി മാറിയില്ല. കുടുംബവാഴ്ചയും അഴിമതിയും അസമത്വവും മനുഷ്യാവകാശ പോരാട്ടങ്ങളും അവിടെ പിന്നീടും തുടർന്നു. ഒരു ഭരണാധികാരി മാറി എന്നതുകൊണ്ട് മാത്രം എല്ലാ അനീതികളും അവസാനിച്ചില്ല.

എങ്കിലും, രാഷ്ട്രീയ അധികാരങ്ങൾക്ക് പരിധിയുണ്ടെന്ന വലിയൊരു ഓർമ്മപ്പെടുത്തലാണ് 1986 ഫെബ്രുവരി.

ഒരു ഭരണകൂടത്തിന് പോലീസിനെയും സൈന്യത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കാനായേക്കാം. നിയമത്തിന്റെയും സമാധാനത്തിന്റെയും പേരുപറഞ്ഞ് എതിർശബ്ദങ്ങളെ അടിച്ചമർത്താനായേക്കാം. തങ്ങൾക്കെതിരെയുള്ള വിമർശനം രാജ്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് അവർ സ്വയം വിശ്വസിച്ചേക്കാം.

എന്നാൽ ഒരു രാജ്യമെന്നാൽ അവിടുത്തെ പ്രസിഡന്റ് മാത്രമല്ല! നിയമം എന്നത് ഭരണാധികാരിയല്ല! പൊതുസ്ഥാപനങ്ങൾ താത്കാലികമായി അധികാരമേൽക്കുന്നവരുടെ സ്വകാര്യ സ്വത്തുമല്ല!

പൊതുജനങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ, ഒരു വ്യക്തിയെയാണോ അതോ ജനങ്ങളെയും ഭരണഘടനയെയുമാണോ സേവിക്കേണ്ടതെന്ന് തീരുമാനിക്കുന്ന നിമിഷമാണ് ഏറ്റവും നിർണ്ണായകം.

ഇഡിഎസ്എയിലെ (EDSA) സൈനികരെല്ലാം ഒരേ തീരുമാനമല്ല എടുത്തത്. ചിലർ മാർക്കോസിനൊപ്പം നിന്നു, ചിലർ പിന്തുണ പിൻവലിച്ചു, മറ്റു ചിലർ മാറിനിന്നു. നിശബ്ദമായ അനുസരണക്കേടും, അതിനൊപ്പം ദശലക്ഷക്കണക്കിന് മനുഷ്യരുടെ ധീരതയും ചേർന്നാണ് അന്ന് ചരിത്രം തിരുത്തിക്കുറിച്ചത്.

എല്ലാ പ്രക്ഷോഭങ്ങളും കൊട്ടാരങ്ങളിൽ അവസാനിക്കുമെന്നോ, എല്ലാ ഭരണകൂടങ്ങളെയും ഇതുപോലെ താഴെയിറക്കാമെന്നോ അല്ല ഇതിന്റെ പാഠം. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ, അത് നികത്താൻ പടക്കോപ്പുകൾക്ക് കഴിയില്ല എന്ന് മാത്രമാണ്.

ഒരു ഭരണാധികാരിക്ക് അതിർത്തികൾ കാക്കാനായേക്കാം, എന്നാൽ ഒരു ജനതയുടെ മനസ്സാക്ഷിയെ എന്നെന്നേക്കുമായി തടവിലിടാൻ കഴിയില്ല.

ചിലപ്പോൾ ഒരു അവസാനത്തിന്റെ തുടക്കം കുറിക്കുന്നത് തെരുവിൽ ജനക്കൂട്ടം ഇരമ്പിയാർക്കുമ്പോഴല്ല...

മറിച്ച്, ജനങ്ങൾക്കെതിരെ തോക്കുചൂണ്ടാൻ ഉത്തരവ് ലഭിച്ചവർ, 'തങ്ങളും ഈ ജനങ്ങളിൽ പെട്ടവരാണല്ലോ' എന്ന് ഓർത്തുതുടങ്ങുന്ന ആ നിമിഷത്തിലാണ്!

ചരിത്രത്തിൽ നിന്ന് പ്രാർത്ഥനയിലേക്ക്

ഈ സംഭവം മറ്റൊരു നാട്ടിലും ഇതുപോലെ ആവർത്തിക്കുമെന്ന പ്രവചനമല്ല. എല്ലാ രാഷ്ട്രീയ പ്രതിസന്ധികൾക്കും കാരണം ഒന്നാണെന്നോ, പരിഹാരം ഒന്നാണെന്നോ ഇതിനർത്ഥമില്ല.

എന്നാൽ, ലോകരാഷ്ട്രങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഇത് നമുക്ക് വലിയൊരു കാരണമാകുന്നു: ഉത്തരവാദിത്തത്തോടെ ഭരിക്കുന്ന നേതാക്കൾക്കായി, സത്യത്തിന് വേണ്ടി നിലകൊള്ളുന്ന ജനങ്ങൾക്കായി, നാടിനെ സേവിക്കുന്ന സ്ഥാപനങ്ങൾക്കായി, അനീതിയും ഭയവും അനുഭവിക്കുന്ന മനുഷ്യർക്കായി നമുക്ക് പ്രാർത്ഥിക്കാം.

ജനരോഷം വലിയ ദുരന്തമാകുന്നതിന് മുൻപ് ഭരണാധികാരികൾ ജനങ്ങളെ കേൾക്കാൻ, തങ്ങളുടെ അധികാരത്തിന്റെ പരിധികൾ അവർ തിരിച്ചറിയാൻ, രാഷ്ട്രീയ മാറ്റങ്ങൾ രക്തച്ചൊരിച്ചിലിലേക്ക് വഴിമാറാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

സംസാരിക്കാൻ ഭയക്കുന്ന മനുഷ്യരുള്ള, സ്ഥാപനങ്ങൾ ത തകർന്ന, പാവപ്പെട്ടവർക്ക് സംരക്ഷണമില്ലാത്ത രാജ്യങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം. ബുദ്ധിക്കും ധൈര്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാം.

ഒരു രാജ്യത്തിന്റെ ഭാവി ഒരു വ്യക്തിയുടെ മാത്രം കൈകളിലല്ലെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. അത് അവിടുത്തെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും മനസ്സാക്ഷിയുടെയും കൂടെ തീരുമാനമാണ്.

ഇത്രയും കാലത്തിനിടയിൽ ഞാൻ നൂറുകണക്കിന് കഥകൾ എഴുതിയിട്ടുണ്ടെങ്കിലും, അവ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഇത്തവണ ഞാൻ അപേക്ഷിക്കുകയാണ്.

ദയവായി ലോകരാഷ്ട്രങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക, ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. നീതിക്കും സമാധാനത്തിനും വേണ്ടി ദാഹിക്കുന്ന ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ കൂടുതൽ പേർ പങ്കുചേരട്ടെ...

See the New Release, Trekking the Tribal Trail Click Here 

My Focus on People Groups 

https://sites.google.com/view/focusonpeople 

Comments

Popular posts from this blog

നാലാമത്തെ മുട്ട : പുതിയൊരു ചിത്രം

അധികാരം അന്ധമാകുമ്പോൾ

ചരിത്രം തിരുത്തിക്കുറിക്കുന്ന പ്രാർത്ഥന