ഞാൻ എന്തുകൊണ്ട് ഒരു "സ്വതന്ത്ര" സഭയുടെ ഭാഗമല്ല

Read English Version 

ഞാൻ എന്തുകൊണ്ട് ഒരു സഭയുടെ ഭാഗമാണ്

ഫിലിപ്പോസ് വൈദ്യർ

ഓരോ സഭയ്ക്കും ഒരു പ്രത്യേക പങ്ക് ഉണ്ട്, അവർക്ക് സേവിക്കേണ്ട ഒരു പ്രത്യേക സമൂഹമോ ജനവിഭാഗമോ ഉണ്ട്. സഭയുടെ മുഖ്യൻ, തന്റെ വിശ്വാസികളായ ദേഹത്തെ ഉപയോഗിച്ച് ലോകത്തെയാകെയുള്ളവരിലേക്കും സുവിശേഷം പ്രചരിപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു മിഷനും ഒരു സഭയും ഒരേപാടു ഒരു രാജ്യത്തെയോ സാഹചര്യത്തെയോ മിഷന്റെ അപൂർണ ജോലി പൂര്‍ത്തിയാക്കാൻ കഴിയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, എല്ലാ സഭാ വിഭാഗങ്ങളെയും ഞാൻ മാനിക്കുന്നു, അവരിൽ ഓരോരുത്തരും ദൈവത്തിന്റെ വിളിയും മിഷനും സ്വീകരിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു.

ഞാൻ ഇപ്പോൾ അംഗമായിരിക്കുന്ന പ്രാദേശിക സഭയിൽ എന്റെ അംഗത്വം സംബന്ധിച്ച് പറയുകയാണ്.

സ്വതന്ത്ര (independent) സഭകൾക്ക്  ചില വ്യക്തമായ നേട്ടങ്ങൾ ഉണ്ടെന്നത്  നിസ്സംശയം. 

അവയ്ക്ക് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയും.
പുതിയ കാര്യങ്ങൾ പരീക്ഷിക്കാം.
സുവിശേഷപ്രഘോഷണം, മിഷൻ, സൃഷ്ടിപരമായ ശുശ്രൂഷകൾ, സാമൂഹിക ഇടപെടലുകൾ—ഇവയെല്ലാം അനുമതികൾക്കായി കാത്തിരിക്കാതെ ആരംഭിക്കാം.

അതേസമയം, പരമ്പരാഗത സഭകൾ ഒരു ഘടനയ്ക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. അധികാരക്രമങ്ങളുണ്ട്. പാസ്റ്റർമാരും പ്രെസ്‌ബിറ്റർമാരും ചില പരിധികൾക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. പുതുമകൾ കൊണ്ടുവരുന്നത് മന്ദഗതിയിലാണ്. പാരമ്പര്യമായി നിലനിൽക്കുന്ന രീതികളിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ പലപ്പോഴും എതിര്‍പ്പുകൾ ക്ഷണിച്ചുവരുത്തും.

ആദ്യനോട്ടത്തിൽ, സ്വതന്ത്ര സഭകളുടെ മാതൃക കൂടുതൽ ആകർഷകമായി തോന്നാം.

പക്ഷേ, നേതൃപരമായ യാഥാർത്ഥ്യങ്ങൾ ചിത്രം മാറ്റുന്നു.

മൂന്ന് അല്ലെങ്കിൽ നാല് വർഷത്തെ കാലാവധിയുള്ള ശുശ്രൂഷയുള്ള സഭകളിൽ, പുതിയ കാര്യങ്ങൾ ആരംഭിക്കാൻ മടിക്കുന്നതിന് പിന്നിൽ ചില നിശ്ശബ്ദ കാരണങ്ങൾ ഉണ്ടാകുന്നു.

എന്തിന് ഇത്രയും പരിശ്രമിച്ച് ഒരു പുതിയ കാര്യം തുടങ്ങണം?
എന്തിന് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തണം?
താൻ മാറിപ്പോകുമ്പോൾ അത് തുടരുമെന്ന ഉറപ്പില്ലാത്ത ഒരു ശുശ്രൂഷയ്ക്ക് വർഷങ്ങൾ ചെലവഴിക്കേണ്ടതുണ്ടോ?

ആദ്യ വർഷം—ഒരു ആശയം അവതരിപ്പിക്കുന്നു.
രണ്ടാം വർഷം—അത് സ്ഥിരപ്പെടുത്തുന്നു.
മൂന്നാം വർഷം—സഭാംഗങ്ങളെ പങ്കെടുപ്പിക്കുന്നു.
നാലാം വർഷം—ശുശ്രൂഷകൻ മാറിപ്പോകുന്നു.

അടുത്ത ശുശ്രൂഷകൻ അതിനെ തുടരാൻ ആഗ്രഹിക്കും എന്ന ഉറപ്പ് ഇല്ല.

അതിനാൽ, പലരും സുരക്ഷിതമായ വഴിയാണ് തിരഞ്ഞെടുക്കുന്നത്—നിലവിലുള്ളതിനെ നിലനിർത്തുക. എന്തെങ്കിലും ചെയ്യണമെങ്കിൽ പോലും, ദൃശ്യവും ദീർഘകാല ഫലമുള്ളതുമായ കാര്യങ്ങളിലേക്കാണ് ശ്രദ്ധ പോകുന്നത്: ആരാധനാലയ നവീകരണം, പുതിയ കെട്ടിടം, സൗകര്യ വികസനം. ഇത്തരം കാര്യങ്ങൾ നേത്യത്വം മാറിയാലും നിലനിൽക്കും; നല്ല പേരും സമ്മതവും ഉണ്ടാക്കും.

എന്നാൽ ഒരിക്കൽ ഞാൻ കണ്ട ഒരു പ്രസക്തമായ ഒരു കാര്യം: ഞങ്ങളുടെ സഭയിൽ പുതിയതായി വന്ന ഒരു വികാരി/ അച്ചൻ (പാസ്റ്റർ), നഗരത്തിലെ മറ്റു ശുശ്രൂഷകളുമായി സഭാംഗങ്ങളെ പരിചയപ്പെടുത്തണമെന്ന് എന്നോട് അഭിപ്രായപ്പെട്ടു.

സഭയ്ക്ക് പുറത്തേക്കും പങ്കാളിത്തം പഠിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഉടനെ തന്നെ, എനിക്ക് വ്യക്തിപരമായി പരിചയമുള്ള രണ്ടു ചെറിയ ശുശ്രൂഷകളെ കുറിച്ച് ഞാൻ ചിന്തിച്ചു. അദ്ദേഹം മുൻകൈ എടുത്തു, സന്ദർശനങ്ങൾ ക്രമീകരിച്ചു. പലരും പങ്കെടുത്തു. ഒന്നിലധികം തവണ പോയി. അവരെ ഇവിടെക്കും വിവിധ ശുശ്രൂഷകളിലേക്കും ക്ഷണിച്ചു. അവരുടെ സംഘടനാ സേവനങ്ങളിൽ നിന്ന് പുതിയ കാര്യങ്ങളും, പട്ടണത്തിലെ പല വെല്ലുവിളികളും നേരിട്ട് അറിഞ്ഞു. അറിയാതിരുന്ന പല കാര്യങ്ങളും മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു.   അവയിൽ ഒന്നുമായുള്ള സഭയുടെ ബന്ധവും പങ്കാളിത്തവും ഇന്നും തുടരുന്നു.

ഇത്തരത്തിലുള്ള ചെറിയ സംരംഭങ്ങൾ സാധാരണയായി അംഗീകരിക്കപ്പെടും—കാരണം അവ പാരമ്പര്യത്തെ നേരിട്ട് ചോദ്യം ചെയ്യുന്നില്ല.

പക്ഷേ, സഭയുടെ ആഴത്തിൽ വേരൂന്നിയ രീതികളെയും ശീലങ്ങളെയും—ലിറ്റർജി, അധികാര ഘടന, ദീർഘകാല ആചാരങ്ങൾ—തുടങ്ങിയ കാര്യങ്ങൾ മാറ്റുക എളുപ്പമല്ല. അതിന് എതിര്‍പ്പുകളും സംശയങ്ങളും ചിലപ്പോൾ സംഘർഷങ്ങളും നേരിടേണ്ടി വരും. അതിനാൽ, പല സഭകളും “ശരാശരി നില”യിലാണ് മുന്നോട്ടുപോകുന്നത്—സ്ഥിരതയോടെ, പ്രവചിക്കാവുന്ന രീതിയിൽ, സുരക്ഷിതമായി. മിഷൻ മേഖലകളിലും പോലും, പുതിയ വിശ്വാസികളിൽ നമ്മുടെ ശൈലികളും രീതികളും ; വിശ്വാസം സ്വാഭാവികമായി വളരാൻ അവസരം നൽകുന്നതിനുപകരം അടിച്ചേൽപ്പിക്കാനുള്ള പ്രവണത പലപ്പോഴും കാണാം.

സ്വതന്ത്ര സഭകൾ വേറിട്ട ഒരു സ്വാതന്ത്ര്യം നൽകുന്നു.

ശുശ്രൂഷകൻ ദീർഘകാലം തുടരാം.
ക്ഷമയോടെ നിർമ്മിക്കാം.
വ്യക്തമായ ദർശനത്തോടെ രണ്ടാം നിര നേതാക്കളെ പരിശീലിപ്പിക്കാം.
പുതിയ ശുശ്രൂഷകളും പങ്കാളിത്തങ്ങളും സാമ്പത്തിക മാതൃകകളും ആത്മീയ വളർച്ചയുടെ മാർഗങ്ങളും ചോദ്യം ചെയ്യപ്പെടാതെ ആരംഭിക്കാം.

ഇത്തരത്തിലുള്ള സ്വാതന്ത്ര്യം ജീവന്തമായ സഭകൾ സൃഷ്ടിക്കാം.

പക്ഷേ, അതിന് ഗൗരവമുള്ള അപകടങ്ങളും ഉണ്ട്.

പല സ്വതന്ത്ര സഭകളിലും ശുശ്രൂഷകൻ തന്നെയാണ് അന്തിമ അധികാരം. തിരുത്തൽ സംവിധാനങ്ങൾ ഇല്ല. കാലക്രമേണ—പതുക്കെയും പലപ്പോഴും അറിയാതെയും—അദ്ദേഹം മാറാം. നേതൃശൈലി മാറും. ദൈവശാസ്ത്ര വ്യാഖ്യാനങ്ങൾ മാറും. വ്യക്തിപരമായ അഭിപ്രായങ്ങൾ ഉപദേശമായി മാറും. എതിര്‍ചിന്തകൾ കലാപമായി കണക്കാക്കപ്പെടും.

വ്യത്യസ്തമായി ചിന്തിക്കുന്നവർ സാധാരണയായി രണ്ടു വഴികളിൽ ഒന്നാണ് സ്വീകരിക്കുന്നത്:
അവർ മാറിപ്പോകും, അല്ലെങ്കിൽ മൗനം പാലിക്കും.

ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, ആത്മാർത്ഥരായും കഴിവുള്ളവരുമായ പല ശുശ്രൂഷകരും ക്രമേണ അധികാരപരമായും ദൈവശാസ്ത്രപരമായും തെറ്റായ വഴികളിലേക്ക് വഴുതിപ്പോയിട്ടുണ്ട്—ചിലപ്പോൾ നേത്യത്വത്തിൽ, ചിലപ്പോൾ ഉപദേശത്തിൽ, ചിലപ്പോൾ ഇരു കാര്യങ്ങളിലും.

പരമ്പരാഗത സഭകൾ ശുശ്രൂഷകരുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നു. പക്ഷേ അവ ദൈവശാസ്ത്ര തുടർച്ച ഉറപ്പാക്കുന്നു. ഒരു ശുശ്രൂഷകന് എല്ലാം മാറ്റാൻ കഴിയില്ല.  ഒരു പൊതുവായ ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തിക്കേണ്ടത്.

അതേസമയം, അത്തരം സഭകളിൽ സഭാംഗങ്ങൾക്കാണ് പലപ്പോഴും കൂടുതൽ സ്വാതന്ത്ര്യം.

അവർക്ക് ചിന്തിക്കാം.
ചോദ്യം ചെയ്യാം.
വായിക്കാം.
വളരാം.

ഒരു വ്യക്തിയുടെ വ്യാഖ്യാനത്തോട് പൂർണ്ണമായ വിധേയത്വം ആവശ്യപ്പെടുന്ന അന്തരീക്ഷമല്ല അത്.

അത് എനിക്ക് പ്രധാനമാണ്.

1980-കളുടെ തുടക്കത്തിൽ മുതൽ ഞാൻ അറിയുന്ന ഒരു ശുശ്രൂഷകൻ—അടുത്തിടയായി—എന്റെ സഭാംഗത്വത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും ചോദിച്ചു.  അദ്ദേഹം ഒരു സിറിയൻ പശ്ചാത്തലക്കാരനായിരുന്നു,  പെന്റക്കോസ്റല്‍ സഭയുടെ ഭാഗം. ഒരു തീപ്പൊരി പ്രഭാഷകൻ, ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തി, പ്രൊഫസറും പ്രിൻസിപ്പലുമായിരുന്നവൻ.

ഞാൻ തുറന്നു പറഞ്ഞു.

“ഞാൻ സെന്റ് തോമസ് എവാഞ്ചലിക്കൽ സഭയുടെ ഭാഗമാണ്. സാധ്യമായ എല്ലാ വഴികളിലും ഞാൻ പങ്കാളിയാകുന്നു. പ്രസംഗിക്കാൻ വിളിച്ചാൽ അതു ഏറ്റവും ഉത്തരവാദിത്വത്തോടെ, സഭയുടെ അന്നത്തെ ചിന്താവിഷയങ്ങളും പാഠ ഭാഗങ്ങളും പരിഗണിച്ച് ചെയ്യും.  ബൈബിൾ പഠനം നടത്താൻ പറഞ്ഞാൽ അത് സന്തോഷത്തോടെ ഏറ്റെടുക്കും, എല്ലാവരും വചനം സ്വയം പഠിക്കണം എന്ന താൽപ്പര്യത്തോടെ അതു നിർവഹിക്കും.  അവസരം തേടാറില്ല, ചോദിച്ചുവാങ്ങാറില്ല. 

 എന്നാൽ ചില കാര്യങ്ങളിൽ എനിക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

“ലിറ്റർജിയോട് എനിക്ക് വ്യക്തിപരമായി അത്ര ചേർച്ചയില്ല, എന്നാൽ എതിർപ്പുമില്ല. എന്റെ ആദ്യകാല വളർച്ച ഒരു ബാപ്റ്റിസ്റ്റ് സഭയിലായിരുന്നു. പല നിലകളിലും ഞാൻ ഇന്നും ഉള്ളിൽ ഒരു ബാപ്റ്റിസ്റ്റാണ്. വിശ്വാസം വ്യക്തിപരമായി ഏറ്റുപറയാൻ കഴിയുന്ന പ്രായത്തിൽ മാത്രമേ സ്നാനം നൽകാവൂ എന്നതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങളുടെ മൂന്നു കുട്ടികളെയും അങ്ങനെ തന്നെയാണ് സ്നാസ്നാനപ്പെടുത്തിയത്”.

“ഈ സഭയിൽ അംഗത്വം എടുത്തത്, ഇത് ശക്തമായ മിഷൻ പങ്കാളിത്തമുള്ള ഒരു സഭയാണെന്ന് ഞാൻ കണ്ടതുകൊണ്ടാണ്. എനിക്ക് യോജിക്കാത്ത ചില രീതികളിൽ ഞാൻ പങ്കാളിയാകാറില്ല. എഴുതാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട്. ആവശ്യമായപ്പോൾ ഞാൻ എന്റെ നിലപാട് ബിഷപ്പുമാർക്ക് എഴുതിയും അറിയിച്ചിട്ടുണ്ട്. അവർ മറുപടി നൽകുന്നില്ലെങ്കിൽ, ഞാൻ അത് അവരിൽ വിട്ടുകൊടുക്കുന്നു”.

“എവിടെയെങ്കിലും യാത്ര ചെയ്യുമ്പോൾ, അവിടെ ഒരു സഭയുണ്ടെങ്കിൽ ഞാൻ പങ്കെടുക്കും. ഇതാണ് ഞാൻ സഭയുടെ ഭാഗമാകുന്ന രീതി.”

അദ്ദേഹം മന്ദഹാസത്തോടെ ഇങ്ങനെ പറഞ്ഞു:
“വൈദ്യരേ, അത് വളരെ നല്ലൊരു തീരുമാനമായിരുന്നു.”

പിന്നീട് അദ്ദേഹം പറഞ്ഞു—നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് ഇന്നും ഖേദിക്കുന്നുവെന്ന്.

അന്ന്, നമ്മുടെ സഭയിലെ ഒരു നേതാവ് അദ്ദേഹത്തെ സഭയിൽ ചേരാൻ ക്ഷണിച്ചിരുന്നുവെന്നും, അദ്ദേഹം അത് നിരസിച്ചുവെന്നും.

 

ഇന്ന്, ഞാൻ ചേർന്നിരിക്കുന്ന ഈ സഭയ്ക്കായി ദൈവത്തെ സ്തുതിക്കുന്നു—.

എനിക്ക് അതേക്കുറിച്ച് മറ്റൊരു ചിന്തയേയില്ല.
ചില കാര്യങ്ങളിൽ ഞാൻ യോജിക്കാതിരിക്കാം.
എനിക്ക് കഴിയുന്നിടത്ത് ഞാൻ ശുശ്രൂഷിക്കുന്നു.
എനിക്ക് സ്വാതന്ത്ര്യം വേണമെന്നിടത്ത് ഞാൻ അത് സംരക്ഷിക്കുന്നു.

ഒരു സഭയിൽ അംഗമാകുക എന്നത് പൂർണ്ണമായ സംവിധാനങ്ങൾ കണ്ടെത്തുന്നതല്ല.
വിശ്വാസദൃഢത വിനയത്തോടെ നിലനിൽക്കുന്ന,
അധികാരം ഉത്തരവാദിത്തത്തോടെ തുലനം ചെയ്യുന്ന,
ഏകത ഏകീകരണമല്ലാത്ത
അത്തരം ഇടങ്ങൾ തിരഞ്ഞെടുക്കുന്നതാണ്.

അത്തരം തുലനം അപൂർവമാണ്.
പക്ഷേ, അത് കണ്ടെത്തുമ്പോൾ—അവിടെ നിലകൊള്ളുന്നത് മൂല്യമുള്ള കാര്യം തന്നെയാണ്.

പരസ്പര ആശ്രയമില്ലാത്ത (independent) സഭയെയോ, സഭാംഗങ്ങളെയോ, ശുശ്രൂഷകരെയോ ഞാൻ താൽപ്പര്യപ്പെടുന്നില്ല. പരസ്പര ആശ്രയത്വത്തിൽ (interdependent) നിലനിൽക്കുന്ന സഭയിലും, കൂട്ടായ്മയിലും, നേതൃത്വത്തിലുമാണ് ഞാൻ നിലനിൽക്കാനും ബന്ധത്തിലിരിക്കാനും താൽപ്പര്യപ്പെടുന്നത്.

Read in English

See the New Release, Trekking the Tribal Trail Click Here 

My Focus on People Groups 

https://sites.google.com/view/focusonpeople 

My YouTube Channel 

 




Comments

Popular posts from this blog

കൊയ്ത്തുത്സവവും ലേലവും

ചരിത്രം തിരുത്തിക്കുറിക്കുന്ന പ്രാർത്ഥന

പുൽക്കൂടിനെ സ്നേഹിക്കുന്നു; സന്ദേശത്തെയോ ?